Friday, November 6, 2015

Ottaal Movie Review

ഇന്നാദ്യമായി അന്യനാട്ടില്‍ നിന്നുകൊണ്ട് ഒരു മലയാളസിനിമ റിലീസ് ദിവസംതന്നെ കണ്ടു. ക്ഷമയില്ലാത്ത ആളുകളുടെ മുറുമുറുപ്പും, സ്ക്രീനിനടുത്തുള്ള 'എക്സിറ്റ്' ബോര്‍ഡുകളുടെ വെളിച്ചവും, മുന്നിലത്തെ വരിയില്‍ ഇരിക്കുന്ന ആളുടെ തല സ്ക്രീനിന്റെ ഒരു ഭാഗം മറയ്ക്കുന്നതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതയും ഒന്നുമില്ലാതെ സമ്പൂര്‍ണ്ണശാന്തതയില്‍, പൂര്‍ണ്ണമായി ആസ്വദിച്ചുകൊണ്ട്. ആദ്യമേ ഇതിന് വഴിയൊരുക്കിയ reelmonk.comന് നന്ദിപറയട്ടെ. മലയാളസിനിമാരംഗത്ത് വിപ്ലവകരമായ വലിയൊരു ചുവടാണ് അവര്‍ വെച്ചിരിക്കുന്നത്, ഇനിയും ഏറെ സ്വതന്ത്രസംവിധായകര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ വിട്ടുവീഴ്ചകള്‍ കൂടാതെ ചെയ്യാനും അവ പ്രേക്ഷകരിലേക്ക് എത്തിക്കാനും പ്രചോദനമാകുന്ന ഒരു ധീരമായ ചുവട്. ഒറ്റാല്‍ എന്ന ഈ ചിത്രം തീയറ്റര്‍ റിലീസിന്റെ അന്നുതന്നെ ലോകത്തെങ്ങും ഉള്ള സിനിമാപ്രേമികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കിത്തന്ന Team Reelmonkന് എത്രനന്ദിപറഞ്ഞാലാണ് മതിയാവുക!
ഇപ്രാവശ്യം ദേശീയപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തില്‍നിന്ന് ജയരാജിന്റെ ഒറ്റാലും പുരസ്കാരജേതാക്കളുടെ പട്ടികയില്‍ ഉണ്ടായിരുന്നെന്ന കാര്യം സന്തോഷമുളവാക്കുന്നതായിരുന്നു. എന്നാല്‍ പൊതുജനത്തിന് കിട്ടാക്കനി ആയ മറ്റൊരു അവാര്‍ഡ്‌ ചിത്രം ആയിപ്പോവുമോ ഇതും എന്ന ഭയം മനസ്സില്‍ ഉണ്ടായിരുന്നു. 2011ലെ മികച്ചചിത്രത്തിനുള്ള ദേശീയ, സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ച ശ്രീ. സുവീരന്റെ ബ്യാരി, ശ്രീ. എം.ജി.ശശിയുടെ അടയാളങ്ങള്‍, ശ്രീ. എം.ജി.ശശിയുടെതന്നെ മറ്റൊരു മികച്ചചിത്രമായ ജാനകി തുടങ്ങി മറ്റനേകം ചിത്രങ്ങളെപ്പോലെ ഇതും പൊതുജനത്തിലേക്ക് എത്താതെ പോവും എന്നുതന്നെയായിരുന്നു നിരാശയോടെ കരുതിയതും. അക്കാദമി അവാര്‍ഡുകള്‍ നേടിയ എല്ലാ ചിത്രങ്ങളുടെയും ബ്ലൂറെയോ ഡിവിഡിയോ ലഭ്യമാണ് എന്ന അവസ്ഥയിളും മലയാളത്തില്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ ചിന്താ രവിയുടെ  'ഒരേതൂവല്‍പ്പക്ഷികളും' രാജീവ് വിജയരാഘവന്റെ 'മാര്‍ഗവും' എം.പി സുകുമാരന്‍ നായരുടെ 'കഴകവും' മറ്റും ഈ തലമുറയിലെ എത്ര സിനിമാപ്രേമികള്‍ക്ക് അറിയാം? ഇങ്ങനെ കലാപരമായി മികച്ചുനില്‍ക്കുന്ന ചിത്രങ്ങളെ പൊതുജനത്തിലേക്ക് എത്തിക്കുക എന്ന ദൈവീകപ്രവൃത്തി മെല്ലെമെല്ലെയാണെങ്കിലും അവര്‍ ഏറ്റെടുത്ത് നടത്തിയത് വലിയകാര്യമാണ്. രാജീവ്‌ രവിയുടെ സ്റ്റീവ് ലോപ്പസ്സിലൂടെ തുടങ്ങിവെച്ച ഈ വിപ്ലവം ഇനിയും മികച്ച ചിത്രങ്ങള്‍ സൈറ്റില്‍ റിലീസ് ചെയ്യുന്നതിലൂടെ തുടരും എന്ന് പ്രതീക്ഷിക്കുന്നു.
ഒറ്റാലിലേക്ക് വരാം. പലഗാനങ്ങളിലും കേട്ടിട്ടുള്ള ഒരു വാക്ക് ആണെങ്കിലും ഇതിന്റെ അര്‍ഥം അറിയില്ലായിരുന്നു, മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണത്രേ അത്, ഒരു കെണി. പെട്ടാല്‍ ഒരുപക്ഷേ ഒരിക്കലും പുറത്തുകടക്കാന്‍ സാധിക്കാത്തതരത്തിലുള്ള ഒന്ന്. ഒരു പാവം മീന്‍കുഞ്ഞിനെപ്പോലെ അത്തരമൊരു കെണിയില്‍ പെട്ടുപോവുന്ന, അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ കേണപേക്ഷിക്കുന്ന ഒരു ജീവന്റെ കഥയാണ് ഒറ്റാല്‍. നിഷ്കളങ്കനായ കുട്ടപ്പായിയുടെയും അവന്റെ വല്യപ്പച്ചായിയുടെയും കഥ. അവരുടെ താറാവുകളുടെ കഥ. ഒരു മീനിനെപ്പോലും കിട്ടുന്നില്ലെങ്കിലും പ്രതീക്ഷകൈവിടാതെ ചൂണ്ടയിട്ടുകൊണ്ടേ ഇരിക്കുന്ന അവുതപ്പച്ചന്റെ കഥ. കുട്ടനാടിന്റെ കഥ. അതൊക്കെയാണ്‌ ഒറ്റാല്‍. എക്കാലത്തും പ്രസക്തിയുള്ള ഒരു വിഷയത്തെ അതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞുപോകാതെ അവതരിപ്പിച്ചുകൊണ്ട് ജയരാജ്‌ എന്ന സംവിധായകന്‍ നമ്മെ വീണ്ടും വിസ്മയിപ്പിക്കുന്നു. ചില അഭിനേതാക്കളുടെ അഭിനയത്തിലെ പോരായ്മകളും, ചിലപ്പോഴെങ്കിലും സംഭാഷണങ്ങളില്‍ കയറിവരുന്ന നാടകീയതയും മറ്റും പ്രമേയത്തിന്റെ ശക്തികൊണ്ടും നന്മവറ്റിയിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകരെ മറക്കാന്‍ സഹായിച്ചെങ്കില്‍ അത് സംവിധായകന്റെ മികവുതന്നെയാണ്. ആന്‍റണ്‍ ചെഖോവിന്റെ വങ്ക എന്ന ചെറുകഥയെ ആസ്പദമാക്കിയാണത്രേ ചിത്രം രചിച്ചിരിക്കുന്നത്. നൂറ്റമ്പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതപ്പെട്ട ആ കഥ മറ്റൊരു നാട്ടിലേക്ക്, ഇന്നത്തെ കാലഘട്ടത്തിലേക്ക് പറിച്ചുനടുന്നതില്‍ ജോഷി മംഗലത്ത് വിജയിച്ചു എന്നുതന്നെവേണം പറയാന്‍. ഒരു വിങ്ങലോടെയേ ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ സാധിക്കൂ.

ശ്രീവത്സന്‍.ജെ,മേനോന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെ ഇത്രയേറെ ഹൃദയഹാരി ആക്കിയതില്‍ പങ്കുവഹിച്ചു. ഐസക് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതത്തോട്‌ കിടപിടിക്കുന്നതരത്തിലുള്ള ഈണങ്ങള്‍ ആണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയത്. കാവാലം നാരായണപ്പണിക്കരുടെ മികച്ചൊരു ഗാനവും ചിത്രത്തിലുണ്ട്. എം.ജെ.രാധാകൃഷ്ണന്‍റെ ദൃശ്യങ്ങള്‍ മികച്ചുനിന്നെങ്കിലും, ഡിജിറ്റലിനുപകരം ഫിലിം ആയിരുന്നെങ്കില്‍ ഒന്നുകൂടെ മിഴിവുറ്റതാകുമേനെ എന്ന് തോന്നിപ്പിച്ചു.

കുട്ടപ്പായിയെ അവതരിപ്പിച്ച കൊച്ചുമിടുക്കന്‍ അശാന്ത് ഷാ, കുട്ടപ്പായിയുടെ വല്യപ്പച്ചായിയെ അവതരിപ്പിച്ച കുമരകം വാസുദേവന്‍‌ എന്ന പുതുമുഖനടന്‍, ഇവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം ആയിരുന്നു. പരിചിതമല്ലാത്ത മുഖങ്ങള്‍ ആയതിനാല്‍ കൂടുതല്‍ സ്വാഭാവികത ഇവരുടെ പ്രകടനങ്ങളില്‍ അനുഭവപ്പെട്ടു. ജയരാജിന്റെ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ വാവച്ചന്‍ ഇതിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം വളരെ രസകരമായിത്തോന്നി. സബിതാ ജയരാജ്‌ തന്റെ വേഷം കുഴപ്പമില്ലാതെ ചെയ്തു എന്നേ പറയാനാവൂ. ഷൈന്‍ ടോം ചാക്കോയും ചെറുതെങ്കിലും പ്രാധാന്യമുള്ളൊരു വേഷത്തില്‍ നന്നായി. ടിങ്കു എന്ന കുട്ടിയുടെ വേഷത്തില്‍ വന്ന ഹാഫിസ് മുഹമ്മദും തന്റെ വേഷം ഭംഗിയാക്കി.

എല്ലാവരും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഒറ്റാല്‍. സാധിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. നാളെ ഒരുപക്ഷേ ഈ ചിത്രം ടോറന്റില്‍ വരുമായിരിക്കും, പക്ഷേ ഇന്ന് നമ്മള്‍ ഇത് പണംനല്‍കി കണ്ടാല്‍ ഇനി വരാന്‍പോവുന്ന ഒരുപാട് ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ റിലീസ് ഒരുക്കാന്‍ ഇതൊരു പ്രചോദനമായേക്കും. ഒരു മാറ്റം അനിവാര്യമാണല്ലോ.
ലിങ്ക് വേണ്ടവര്‍ക്ക്: Ottaal Movie Watch Online

1 comment: